ബംഗ്ലാദേശിലെ പ്രക്ഷോഭം ശക്തമായതോടെ രാജി സമർപ്പിച്ച് നാടുവിട്ടതിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും തന്റെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ പ്രതിമ തകർത്തതിന് നീതി ലഭിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
സജീബ് വസേദ് എക്സിൽ പങ്കുവെച്ച മൂന്ന് പേജുള്ള വികാരനിർഭരമായ കുറിപ്പിലാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
1975 ഓഗസ്റ്റ് 15-ന്, ബംഗ്ലാദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിനേക്കുറിച്ചും തുടർന്ന് തന്റെ ബന്ധുക്കളെ നഷ്ടമായതിനേക്കുറിച്ചും പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. മുജീബുർ റഹ്‌മാന്റെ കൊലപാതക വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ദേശീയ ദുഃഖാചരണം മാന്യതയോടും ഗൗരവത്തോടേയും ആചരിക്കണമെന്ന് അഭ്യർഥിക്കുന്നതായും ഹസീന പറഞ്ഞു.
പ്രക്ഷോഭത്തിന്റെ പേരിലുള്ള ഭീകരാക്രമണത്തിൽ കഴിഞ്ഞ ജൂലായ് മുതൽ നിരവധി ജീവനുകൾ നഷ്ടമായി. അവരുടെ ആത്മാവിനായി ഞാൻ പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. കൊലപാതകങ്ങളിലും അക്രമങ്ങളിലും ഉൾപ്പെട്ട കലാപകാരികളെ ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.



