കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം കേരളത്തിലും ഡ്യൂട്ടി ബഹിഷ്കരിച്ച് പിജി ഡോക്ടർമാരുടെ പ്രതിഷേധം. ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി വാർഡ് ഡ്യൂട്ടികള്‍ ബഹിഷ്കരിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചു. പി ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ, എം ബി ബി എസ് വിദ്യാർഥികള്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കാളികളായി.
ഓഗസ്റ്റ് 18 മുതൽ 31 വരെ ആരോഗ്യ സ്ഥാപനങ്ങളിൽ സുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കും സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് കെജിഎഒ അറിയിച്ചു. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിതായി കെജിഎംഒഎ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കൊത്തയില്‍ രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി ജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.



