അരവിന്ദ് കെജരിവാളിന്റെ രാജിക്ക് പിന്നാലെ പുതിയ മുഖ്യമന്ത്രി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കെജ്‌രിവാളിന്റെ രാജിക്ക് പിന്നാലെ ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാകുകയാണ്.
അതേസമയം മന്ത്രിസഭയിൽ നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ്ഇപ്പോളുള്ള നീക്കം. മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരും. അതിനിടെ ഈമാസം 26, 27 തീയതികളിൽ നിയമസഭ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.
പുതിയ മന്ത്രിമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുമുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്‌രിവാളിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പഞ്ചാബുമായും ദില്ലിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകൾ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും ,അരവിന്ദ് കെജ്‌രിവാളും പ്രചാരണം ശക്തമാക്കുക.ലഫ്റ്റനൻ്റ് ഗവർണറെ നേരിൽ കണ്ട് കെജ്‌രിവാൾ രാജിക്കത്ത് നൽകി. തുടർന്ന് സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അതിഷി മാർലേന അവകാശ വാദം ഉന്നയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് കെജ്‌രിവാൾ രാജി പ്രഖ്യാപനം നടത്തിയത്.



