ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യ മന്ത്രിയെ വിടാതെ ഗവർണ്ണർ, ദ ഹിന്ദു വിശദീകരണം ആയുധമാക്കി വീണ്ടും കത്ത് അയക്കാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. ആ പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്നുള്ള വിശദീകരണം ആ കത്തിൽ കാണിക്കണം. ഗവർണ്ണർ നടപടി കൂടുതൽ കടുപ്പിച്ചാൽ വാർത്ത സമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
ഗവർണ്ണറുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി പി എം വിലയിരുത്തൽ.ഇരുവരും തമ്മിൽ പോരിൽ കടുക്കുന്നത് അധികാര തർക്കം കൂടിയാണ്. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താനടക്കം ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കാണിച്ചുതരാമെന്നാണ് ഗവർണ്ണറുടെ മറുപടി.ഭരണഘടന അനുഛേദം 167 അനുസരിച്ച് ഭരണനിർവഹണത്തെയും നിയമനിർമാണത്തെയും സംബന്ധിക്കുന്ന വിവരങ്ങൾ ഗവർണർക്ക് മുഖ്യമന്ത്രിയോട് തേടാം.
ഗവർണറെ വിവരങ്ങൾ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിയാണ്. എന്നാൽ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനോ, മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങൾ തേടാനോ ഗവർണർക്ക് കഴിയില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.വിവരങ്ങൾ തേടി ഗവർണർക്ക് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയോ നിയമസഭയുടെ അധികാരത്തിന് മുകളിൽ അല്ല ഗവർണറുടെ അധികാരം എന്നാണ് അഭിപ്രായം ഉയരുന്നത്.



