നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെഇന്ത്യ യെ കടന്നാക്രമിച്ചു കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വെളിപ്പെടുത്തുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കൂടാത് ഇത് ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.
ഈ കൊലപാതകത്തിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം ഇന്ത്യയുമായി പങ്കുവെച്ചെന്നുംഎന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേർത്തു.
കാനഡയുടെ പ്രതിപക്ഷ നേതാവും ഇന്ത്യക്കെതിരെ രംഗത്തെത്തി. ആരോപണങ്ങൾ വളരെ വലുതും, ഗൗരവമായി എടുക്കേണ്ടതുമാണെന്ന് പിയെർ പോളിയേവ് ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമവ്യവസ്ഥക്ക് വിധേയരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ,
എന്നാൽ കാനഡക്ക് തക്ക മറുപടി നൽകുമെന്നാണ് ഇൻഡ്യയുടെ നിലപാട്. ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ വെച്ച് പറഞ്ഞുകൊണ്ട് തിരിച്ചടിക്കാനാണ് നീക്കം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.



