തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് നെടുപുഴ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം കിട്ടാഞ്ഞതിന് തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ വന്നു കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. സ്‌കൂൾ ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ മർദിച്ചത്.
സ്‌കൂൾ ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്.



