നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി മാറ്റി. എന്നാൽ കോടതി ഇന്ന് വൈകിട്ട് തന്നെ വിധി പറയാൻ ശ്രമിക്കാമെന്നും അറിയിച്ചു. പിവി അൻവറിന് വേണ്ടി ഹാജരായി അഭിഭാഷകൻ, പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ,അൻവറിനെ ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും വാദിച്ചു. അതേസമയം പ്രോസിക്യൂഷൻ വാദം പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും ,ജാമ്യം നൽകരുതെന്നും, ആക്രമണം നടത്തിയത് മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും എന്നുമായിരുന്നു.
എന്നാൽ അന്വേഷണസംഘത്തിന് മുന്നിൽ എപ്പോൾ വേണമെങ്കിലും ,എത്ര നേരവും ഹാജരാകാമെന്നും, ജനുവരി 17ന് നിയമസഭ തുടങ്ങുകയാണെന്നും അതിൽ പങ്കെടുക്കുന്നത് തടയാൻ ആണ് നീക്കമെന്നും പിവി അൻവര്‍ വാദിച്ചു.സമാനമായ പരാതി സാജൻ സ്കറിയക്കെതിരെയും നൽകിയിട്ടുണ്ട്. എന്നാൽ, അതിൽ നടപടിയില്ല. ചേലക്കര കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായതാണ്. ആനയുടെ ആക്രമണത്തിൽ ആൾ മരിച്ചത് ആസൂത്രിതമാണോ എന്ന് അൻവർ ചോദിച്ചു.
അതുപോലെ ഒരു ജനപ്രതിനിധിക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ എന്നും, സമരത്തിൽ നിലമ്പൂർക്കാർ മാത്രമേ പങ്കെടുക്കാവൂ എന്നുണ്ടോ എന്നും അൻവർ ചോദിച്ചു. ഈ കേസ് തനിക്കെതിരായി കെട്ടിച്ചമച്ചതാണെന്നും, തന്റെ അറസ്റ്റ് ഒരു രാഷ്ട്രീയ പ്രേരിതമാണെന്നും അൻവര്‍ വാദിച്ചു. അറസ്റ്റ് നിർബന്ധം ആകുന്ന എന്ത് സാഹചര്യം ആണ് ഉള്ളതെന്നും ,എന്തിന് തിരക്കിട്ട് കോടതിയിൽ ഹാജരാക്കിയെന്നും അൻവറിന്‍റെ അഭിഭാഷകൻ വാദിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ താൻ നേരിട്ട് ഹാജരാകുമായിരുന്നുവെന്നും മറ്റു പ്രതികളെ തിരിച്ചറിയാനാണ് തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതെന്നും , ഇതു പോലെ അറസ്റ്റ് നടക്കുകയാണെങ്കിൽ കേരളത്തിൽ പൊതുപ്രവർത്തനം നടക്കില്ലെന്നും അൻവര്‍ വാദിച്ചു.
കൂടാതെ ഏത് സമയത്തും അന്വേഷണത്തിന് ഹാജരാകാമെന്നും,ജാമ്യം നൽകണമെന്നും അൻവര്‍ വാദിച്ചു. എല്ലാ ജില്ലകളിലും വന്യമൃഗശല്യം ഉണ്ട്. അതിലെ ഇരകളാണ് സമരത്തിന് എത്തിയത് , അതിന് പിന്നിൽ യാതൊരു ആസൂത്രണം ഇല്ലെന്നും, കസ്റ്റഡിയിൽ ഉള്ളവരുടെ പേര് പോലും മനസിലാക്കാൻ കഴിയാത്തവർക്ക് മറ്റു പ്രതികളെ കണ്ടെത്താൻ തന്നെ കസ്റ്റഡിയിൽ വേണം എന്ന് പറയുന്നത് തമാശയാണെന്നും പിവി അൻവര്‍ വാദിച്ചു. വീട്ടിൽ നിന്നാണ് തന്നെ രാത്രി അറസ്റ്റ് ചെയ്തത്. താൻ ഒളിവിൽ അല്ല, ജനപ്രതിനിധിയാണ്. നാശനഷ്ടങ്ങളുടെ കണക്ക് ആദ്യ റിപ്പോർട്ടിൽ ഇല്ല. ഉച്ചയ്ക്ക് 12.45ന് കസ്റ്റഡിയിൽ എടുത്തവരുടെ പേര് വൈകിട്ട് 4.46ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിൽ ഇല്ലെന്നും സമരം സമാധാനപരമായിരുന്നെന്ന് അൻവർ വാദിച്ചു.



