വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മൊബൈൽ ഫോണിൽ എന്തെങ്കിലും രേഖകൾ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. അതുപോലെ കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി കോടതിയിൽ അപേക്ഷകൾ നൽകും.
അതേസമയം വിജയന്റെ മൂത്ത മകൻ തന്റെ അച്ഛനെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുള്ള കാര്യം വിജിലൻസിന് മൊഴി നൽകിയിരുന്നു. കുടുംബ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലയിരുന്നു എന്നും, സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു അച്ഛന്റെ മരണത്തിന് കാരണമെന്നും, അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു. എൻ എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണം കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്ന കുടുംബത്തിൻ്റെ ആരോപണം കോൺഗ്രസ് നേതൃത്വം തള്ളി. എന്നാൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മകൻ വിജിലൻസിന് മൊഴി ഇങ്ങനെ നൽകിയത്.



