ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ട്രംപിൻ്റെ കുടുംബവുമായി അംബാനി കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. 2017ൽ ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ് ആഗോള സംരംഭക ഉച്ചകോടി സംബന്ധിച്ച് ഹൈദരാബാദ് സന്ദർശിച്ചപ്പോൾ മുകേഷ് അംബാനി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
നിത അംബാനി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തിയത് ഇന്ത്യൻ സംസ്കാരത്തിന്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന കാഞ്ചീപുരം സാരി ധരിച്ചാണ്. നിത അംബാനി ധരിച്ചിരിക്കുന്ന ആഭരങ്ങളും ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ ആഭരണങ്ങളുടെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് ഇവ. ശനിയാഴ്ച വിർജീനിയയിലെ ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ വൻ സ്വീകരണത്തോടു കൂടിയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്.
എഴുപത്തിയെട്ടുകാരന്‍ ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് കസേരില്‍ ഇത് രണ്ടാമൂഴമാണ്

2017 മുതല്‍ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. സത്യപ്രതിജ്ഞയ്ക്ക് ട്രംപ് ലിങ്കണ്‍ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും ഉപയോഗിക്കും. അധികാരമേറ്റാല്‍ നൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പിടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിക്ക് ട്രംപിന്റെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.



