പാറശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷ വിധി ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു. ഷാരോണും ഗ്രീഷ്മയും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.



