മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടപ്പെടുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. കുംഭമേളക്കിടെ ഉണ്ടായ അപകടത്തിന്മേൽ സമർപ്പിക്കപ്പെട്ട പൊതു താൽപര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ ഇടപെടാനാകില്ലെന്നും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി പറഞ്ഞു.
നടന്നത് നിർഭാഗ്യകരമായ സംഭവമാണെന്നും ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്ന്, രണ്ടംഗ ബെഞ്ച് അധ്യക്ഷനായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി.അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമാനമായ ഹർജി നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു.
അതേസമയം, കുംഭമേളക്കിടെയുണ്ടായ ദുരന്തം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം ഉണ്ടായി. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ജനുവരി 29നായിരുന്നു പ്രയാഗ്രാജിൽ കുംഭമേളയ്‌ക്കിടെ ദുരന്തമുണ്ടായത്. മുപ്പത് പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.