ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ ഏഴ് മണിമുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം നേടാനുറച്ചാണ് ബിജെപി രംഗത്തുള്ളത്. മറുവശത്ത് ഭരണം നിലനിർത്താൻ എഎപിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്‌രിവാൾ വീണ്ടും മത്സരിക്കുന്നത്. മൂന്നു പാർട്ടികളും പ്രകടന പത്രികയിൽ നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി തിരഞ്ഞെടുപ്പ് ദിവസം കുംഭമേളയിൽ പങ്കെടുക്കുന്നും എന്നതും സവിശേഷതയാണ്.