കേന്ദ്ര ബജറ്റിൽ കേരളത്തിന് 3,042 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് യു.പി.എക്കാലത്തേക്കാള്‍ ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും 200 പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി അനുവദിക്കുമെന്നും 50 നമോ ഭാരത് ട്രെയിനുകൾ കൊണ്ടുവരുമെന്നും ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 100 -250 കിലോമീറ്റർ ദൂരപരിധിയിൽ രണ്ട് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ എന്ന രീതിയിലായിരിക്കും സർവീസ്. അന്തർസംസ്ഥാന നഗരങ്ങളെയും ബന്ധിപ്പിക്കാൻ കഴിയും.16 കോച്ചുകൾ ഉണ്ടാവും എന്നാണ് വിവരം.

കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂർ – നഞ്ചൻകോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തും. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലുണ്ട്. ശബരി റെയിൽവേ പാത യുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ ട്രെയിനെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഡിവിഷണല്‍ മാനേജര്‍മാര്‍ പരിശോധിച്ച് വ്യക്ത വരുത്തുമെന്നും ഒപ്പം തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.



