പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെത്തി ത്രിവേണി സംഗമത്തില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കും. രാവിലെ 10.50-ന് ഏരിയൽഘട്ടിൽ നിന്ന് വള്ളത്തിൽ മഹാകുംഭത്തിലേക്ക് 11:00 മുതൽ 11:30 വരെ സംഗമഘട്ടിൽ മുങ്ങിക്കുളിക്കും. 11.45ന് ബോട്ടിൽ ഏരിയൽഘട്ടിൽ തിരിച്ചെത്തി ഡിപിഎസ് ഹെലിപാഡിലേക്ക് മടങ്ങും. അവിടെ നിന്ന് പ്രയാഗ്‌രാജ് എയർപോർട്ടിലേക്ക് പോകും.പുണ്യസ്‌നാനത്തിന് ശേഷം അദ്ദേഹം സന്യാസിമാരുമായി കൂടിക്കാഴ്‌ച നടത്തും. 12.30ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരികെ പോകും. രണ്ട് മണിക്കൂറോളം മാത്രമുള്ള ഹ്രസ്വസന്ദര്‍ശനമാണ് പ്രധാനമന്ത്രിയുടേത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മുഖ്യമന്ത്രി ആദിത്യനാഥ് ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി. രണ്ട് മാസത്തിനിടെ മോദി പ്രയാഗ്‌രാജിലിത് രണ്ടാം തവണയാണ് എത്തുന്നത്. 2024 ഡിസംബര്‍ പതിമൂന്നിനാണ് നേരത്തെ അദ്ദേഹം എത്തിയത്. 2019ലെ കുംഭമേളയില്‍ പ്രധാനമന്ത്രി ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകി അവരെ ആദരിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പേരാണ് ഇതിനകം ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തിയത്.