സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോയിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. ഡൽഹിയിൽ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് തരൂർ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം എംപി, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ ആണ് തരൂരിനെ ഡൽഹിയിലെ വസതിയിലെത്തി ക്ഷണിച്ചത്.
ഡിവൈഎഫ്ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസിനെയും അദ്ദേഹം അഭിനന്ദിച്ചുവെന്നും വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂർ അറിയിച്ചെന്ന് എ എ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു. തരൂർ എഴുതിയ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിനെ ക്ഷണിച്ചത്.
മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് മവാസോ ഫെസ്റ്റിവൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.



