കേരളത്തിന് മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതിയുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി അനുവദിച്ചു. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ ഒൺലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. റബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ധാരാളം ആളുകളാണ് കേരളത്തിലേക്ക് വരുന്നതെന്നും ഇത് കണക്കിലെടുത്ത് കേരള ടൂറിസം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ പണം നിക്ഷേപിക്കാൻ കേന്ദ്ര സർക്കാരിന്റെ ഉറച്ച പിന്തുണ ലഭ്യമാക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പുനൽകി.



