യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ, കേസെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെ മൊഴിയാണ് ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തിയത്. മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ സ്ഥലംമാറ്റിയത് നേരത്തെ തീരുമാനിച്ച പ്രകാരമെന്നായിരുന്നു അന്ന് എക്സൈസിന്റെ വിശദീകരണം. ഡിസംബർ 28നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എം എൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്.

കേസിൽ ഒൻപതാം പ്രതിയായിരുന്നുപ്രതിഭ എംഎൽഎയുടെ മകൻ കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ സോഷ്യൽ മീഡിയയിലൂടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ രംഗത്തെത്തിയിരുന്നു. പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സി പി എം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.



