ശശി തരൂരിന് ബിജെപി യിലേക്ക് സ്വാഗതം ചെയ്ത് പദ്മജ വേണുഗോപാൽ. താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ പറയുന്നതെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്ന് പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി.
അതേസമയം ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന് ശശി തരൂർ പറഞ്ഞു. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നുള്ളത് തൻ്റെ വ്യക്തിപരമായ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിൽ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാർട്ടിയിൽ ഐക്യമാണ് വേണ്ടത്. അത് തന്നെയാണ് തൻറെ ആഗ്രഹം. അതിന് കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശശി തരൂരിന്റെ ഭാഗത്ത് നിന്ന് ഈ അടുത്തിടെ ഉണ്ടായിട്ടുളള പരാമർശങ്ങൾ കോൺഗ്രസിന് ക്ഷീണം നൽകിയിരുന്നു. ഇതിന് പിന്നാലെ തരൂർ പാർട്ടി വിടുമെന്നുളള അഭ്യൂഹങ്ങൾ ഉയർന്നു. കേരള സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനത്തെ പ്രശംസിച്ചതും വിവാദമായിരുന്നു.