തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മുട്ടൻ പണിയുമായി കെബി ഗണേഷ് കുമാർ. യാത്രക്കാരനെന്ന വ്യാജേനേ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാർ വിളിച്ചപ്പോൾ തെറിച്ചത് 9 കണ്ടക്ടർമാർ. കഴിഞ്ഞ ദിവസം മന്ത്രി കൺട്രോൾ റൂമിലേക്കു വിളിച്ചപ്പോൾ ആദ്യം ആരും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ എടുത്തവരാകട്ടെ കൃത്യമായി മറുപടി നൽകിയുമില്ല. ഇത്തരത്തിൽ മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ മന്ത്രിയുടെ നിർദേശപ്രകാരം സ്ഥലം മാറ്റി.
അതേസമയം അന്നു ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവർക്കെതിരെയും നടപടി ഉണ്ടായതായി ആക്ഷേപമുണ്ട്. കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടായത്.
മറ്റ് ജില്ലകളിലെ ഡിപ്പോയിലേക്ക് ഉൾപ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കെഎസ്ആർടിസി സി എം ഡി അടക്കമുള്ളവരുടെ യോഗത്തിൽ കൺട്രോൾ റൂമിനെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. ഈ വിഷയം യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടയിലാണ് മന്ത്രി അപ്രതീക്ഷിതമായി കൺട്രോൾ റൂമിലേക്ക് വിളിച്ച് കടുത്ത അനാസ്ഥ കാണിച്ചവർക്കെതിരെ ഉടനടി നടപടി സ്വീകരിച്ചത്. മന്ത്രിയുടെ ഓഫീസിലേക്കേും സിഎംഡിയുടെ ഓഫീസിലേക്കും സമൂഹമാധ്യമങ്ങളിലടക്കം കൺട്രോൾ റൂമിനെതിരെ വ്യാപക പരാതികളാണ് ഉയർന്നു വന്നിരുന്നത്.



