തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. 20 ലേറെ പേർക്ക് പരിക്ക്. ഹരിയാനയിലെ നൂഹിലാണ് സംഭവം. 60 ഓളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ബസിന് തീപിടിച്ചത്.
തീപിടിച്ചെന്ന് മനസിലായതോടെ താൻ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്ന് ബസിലുണ്ടായിരുന്ന വൃദ്ധ പറഞ്ഞു. ബസിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു. അപ്പോഴേക്കും തീ അടിയിൽ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടർന്ന് കഴിഞ്ഞിരുന്നു.
ബസിന്റെ ജനൽ ചില്ലുകൾ തകർത്ത് പത്തോളം പേരെ രക്ഷിക്കാൻ കഴിഞ്ഞതായി അപകട സ്ഥലത്തിന് സമീപം കടനടത്തുന്ന ഒരാൾ പറഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തനത്തിന് മുമ്പ് തന്നെ ബസിൽ പൂർണമായും തീ പടർന്നുവെന്നും അദ്ദേഹം പറഞ്ഞു.