ആലപ്പുഴ: വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി കാർ ഓടിച്ചതിനാണ് കേസ്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെയാണ് പൊലീസ് കേസെടുക്കുക. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാർക്കെതിരെയും നടപടിയെടുക്കും. സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.
നിയമലംഘനം നടത്തിയ കാറിന്റെ രജിസ്‌ട്രേഷൻ എം വി ഡി റദ്ദാക്കിയിരുന്നു ഒപ്പം ഓടിച്ചയാളുടെ ലൈസെൻസും സസ്‌പെൻഡ് ചെയ്തിരുന്നു. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും.
സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് സഞ്ജു വീഡിയോ ഇട്ടിരുന്നു അതിൽ 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് ഈ കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പറയുന്നു.