പ്രവേശനോത്സവത്തിൽ പാട്ടും കഥകളുമൊക്കെയായി കുട്ടികളെ വരവേറ്റ് റൂബി. പാലക്കാട് സുൽത്താൻപേട്ട ഗവ: എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ സഹായത്തോടെയാണ് റോബോട്ട് കുട്ടികളുമായി സംവദിച്ചത്.
ആദ്യമായെത്തിയ കുരുന്നുകൾക്ക് വിദ്യാലയത്തിലെ മറ്റുകുട്ടികൾ ചേർന്ന് റൂബിയെ പരിചയപ്പെടുത്തി. നൽകുന്ന നിർദ്ദേശത്തിനനുസരിച്ച് കുട്ടികവിതകളും കഥകളുമൊക്കെ റൂബി കുട്ടികളുമായി പങ്കുവച്ചു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാനും കുട്ടികളുടെ പഠനാന്തരീക്ഷം കൂടുതൽ രസകരമാക്കാനും റൂബി റോബോർട്ട് സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരുടെ ഈ നീക്കത്തെ കുട്ടികളും രക്ഷിതാക്കളും വളരെയധികം സന്തോഷത്തോടെയാണ് സ്വീകരിച്ചത്.