സംസ്ഥാന സമിതിയുടെ രണ്ടാം ദിനവും സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങൾ. മുഖ്യമന്ത്രിയുടെ സമീപനത്തിൽ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുൻപ് ചില പാർട്ടിഘടകങ്ങളിൽ വിമർശനമുയർന്നപ്പോൾ അതിനെ അവഗണിച്ചുപോകാനാണ് പാർട്ടിയടക്കം ശ്രമിച്ചതെന്ന് സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ അഭിപ്രായം. മുഖ്യമന്ത്രി മൈക്കിനോടുപോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി.
ക്ഷേമ പെൻഷൻ കുടിശികയാകുന്നതും സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ലാത്തതും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളായി. ക്ഷേമപെൻഷൻ കൊടുക്കാൻ കഴിയാത്ത സർക്കാർ നവകേരളസദസ്സ് നടത്തിയത് ജനങ്ങൾ ഉൾക്കൊള്ളാതെ പോയത് അതുകൊണ്ടാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയിൽ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. ഈഴവ വോട്ടുകളിൽ വിള്ളലുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ഇന്നും സംസ്ഥാന കമ്മിറ്റി തുടരും. യോഗം വ്യാഴാഴ്ച സമാപിക്കും. വെള്ളിയാഴ്ച സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം ചേർന്നായിരിക്കും തുടർന്ന് സ്വീകരിക്കേണ്ട നടപടികൾ നിശ്ചയിക്കുക.