ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തം. വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 29 ആയി. 60-ലേറെപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ പക്കൽ നിന്ന് 200 ലിറ്റർ മദ്യവും പോലീസ് പിടിച്ചെടുത്തു. കള്ളക്കുറിച്ചിയിലെ കരുണപുരത്ത് നിന്നാണ് ഇവർ മദ്യം കഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പ്രദേശത്ത് ക്ഷേത്രോത്സവവും, ഒരു സംസ്ക്കാര ചടങ്ങും നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയവരാണ് ഈ അപകടത്തിൽപെട്ടത്.
വ്യാജമദ്യവില്‍പ്പനക്കാരില്‍നിന്ന് പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലക്കാരാണ് ദുരന്തത്തിനിരയായത്.മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിലെത്തി.
വിദഗ്ധ ചികിത്സ നൽകാനായി വില്ലുപുരം, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കള്ളക്കുറിച്ചി മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘവും സംഭവ സ്ഥലത്തുണ്ട്.



