തന്നെ അറസ്റ്റ് ചെയ്‌തു ജയിലിലടിച്ചതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചന എന്ന് പി വി അൻവർ എം എൽ എ. എന്നാൽ സർക്കാരിന്റെ ആ ലക്‌ഷ്യം കോടതി ഇടപെടൽകൊണ്ട് നടന്നില്ല. ഒരു ദിവസത്തിനുള്ളിൽ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നതെന്നും അൻവർ പറയുന്നു. പിണറായി കാലത്തെ ജയിൽ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. തന്നെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും അൻവർ പറഞ്ഞു.
എന്നാൽ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി വി അൻവർ എംഎൽഎ ഇന്ന് പുതിയ സമര പരിപാടികൾ പ്രഖ്യാപിക്കും. രാവിലെ 9 മണിക്ക് പി വി അൻവർ ഒരു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കൂടാതെ ഒതായിയിലെ വീട്ടിലെത്തിയ അൻവറിനെ യുഡിഎഫിലെ അടക്കം ചില നേതാക്കൾ നേരിട്ട് കാണാനും ഇടയുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ പി വി അൻവറിന്റെ ഉറ്റ അനുയായി ഇ എ സുകുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അൻവറിനെതിരെ ചുമത്തിയ അതേ വകുപ്പുകൾ തന്നെയാണ് സുകുവിനെതിരെയും എടുത്തിട്ടുള്ളത്. ഈ കേസിലെ ആറാം പ്രതിയാണ് സുകു. സമരത്തിൽ പങ്കെടുത്ത മറ്റു പ്രതികളെയും ഉടൻ പിടികൂടാൻ നിലമ്പൂർ പൊലീസ് ശ്രമിക്കുന്നുണ്ട്.
അതേസമയം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി മാറ്റി. എന്നാൽ കോടതി ഇന്നലെ വൈകിട്ട് തന്നെ വിധി പറയാൻ ശ്രമിക്കാമെന്നും അറിയിച്ചു. പിവി അൻവറിന് വേണ്ടി ഹാജരായി അഭിഭാഷകൻ, പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ,അൻവറിനെ ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും വാദിച്ചു.



