എൻഎം വിജയന്റെയും,മകന്റെയും ആത്മഹത്യ കേസ്; വി ഡി സതീശനും, കെ സുധാകരനും കുടുംബത്തെ അവഹേളിച്ചു, എം വി ഗോവിന്ദൻ

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും, മകന്റെയും മരണത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം നേതൃത്വം. പ്രേരണകുറ്റം ചുമത്തിയതോടെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എംഎല്‍എ അടക്കമുളള…

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും, മകന്റെയും മരണത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കാന്‍ സിപിഐഎം നേതൃത്വം. പ്രേരണകുറ്റം ചുമത്തിയതോടെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എംഎല്‍എ അടക്കമുളള നേതാക്കള്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. കൂടാതെ വി ഡി സതീശനും ,കെ സുധാകരനും എന്‍.എം. വിജയന്റെ കുടുംബത്തെ അവഹേളിച്ചുവെന്ന ആരോപണവും എം വി ഗോവിന്ദന്‍ ഉന്നയിക്കുന്നുണ്ട്.
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയൻ

അതേസമയം പെരിയ ഇരട്ടക്കൊലക്കേസിലെ വിധി അടക്കമുളള വിഷയങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിനെതിരെ വീണുകിട്ടിയ ആയുധമെന്ന നിലയിലാണ് വയനാട് സംഭവത്തെ സിപിഐഎം കാണുന്നത്. അതേസമയം വയനാട് ഡിസിസി ട്രഷറര്‍ക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി നേതാക്കള്‍ മൂലം സംഭവിച്ചതാണെങ്കില്‍ നടപടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. നേതാക്കള്‍ വഴി എന്‍എം വിജയന്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടോ എന്ന് പരിശോധനയിൽ ആണെന്നും, തെറ്റുണ്ടെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ   അറിയിച്ചു.

രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയാകരുത് ഈ അന്വേഷണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാര്‍ട്ടിയുടെ അന്വേഷണ സംവിധാനം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടതിന് പിന്നാലെ നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ രാഷ്ട്രീയമുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്‌.വയനാട് ആത്മഹത്യയിൽ പോലീസ് കേസെടുക്കുന്നതും,അതിന്റെ ഭാഗമായി അന്വേഷണവും മുന്നോട്ടു പോകട്ടെ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാൽ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയാകരുത് ഈ അന്വേഷണം എന്നും രാധാകൃഷ്ണൻ പറഞ്ഞു. കുടുംബം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടതിനു ശേഷം കേസെടുത്തതോടെ എന്തെങ്കിലും താല്പര്യമുണ്ടോ എന്ന സംശയം സ്വാഭാവികമാണെന്നും ,അന്വേഷണത്തിന്റെ ഭാഗമായി ചില നിഗമനങ്ങളിൽ എത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു.

Leave a Reply