നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ത്താൽ. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താലെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അറിയിച്ചു.
ഇന്ന് രാവിലെ ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
പഞ്ചാര കൊല്ലിയില്‍ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടിയായതായി മന്ത്രി ഒ ആര് കേളു .കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കും
വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര് കേളു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കും. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.



