ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ മുഖ പരിശോധന പൂര്‍ത്തിയായി. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു. പ്രതിയുടെ മുഖവും സിസിടിവിയില്‍ നിന്ന് ലഭിച്ച മുഖവും ഒന്നുതന്നെയെന്നായിരുന്നു മുഖപരിശോധനാ റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളതും പ്രതിയെന്ന് പരിശോധനയില്‍ വ്യക്തമായി. ഇനി വിരളടയാള റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് മുംബൈ പൊലീസിന‍്‍റെ തീരുമാനം.
ജനുവരി 16ന് വീട്ടിൽ വച്ച് കവർച്ചാ ശ്രമം നേരിടുന്നതിനിടയിലാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. ആറ് തവണയാണ് നടന് കുത്തേറ്റത്. അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് വിശദമാക്കുന്നത്. ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ 4.10നാണ് നടനെത്തിയത് എന്നാണ് ലീലാവതി ആശുപത്രിയുടെ രേഖകളിലുള്ളത്. കുത്തേറ്റ 6 മുറിവുകള്‍ ഉണ്ടെന്നായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രമാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി.