ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 21 ദശലക്ഷം ഡോളർ ഇന്ത്യയ്ക്ക് നൽകിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും ഡോണൾഡ് ട്രംപ് ആരോപിച്ചു. മിയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഉച്ചകോടിയിലാണ് പരാമര്‍ശം.
ഇന്ത്യയിൽ 21 ദശലക്ഷം ഡോളർ അമേരിക്ക എന്തിന് ചെലവാക്കിയെന്നത് വ്യക്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിന് നൽകുന്ന പണമെന്നാണ് ഈ തുകയെ വിശേഷിപ്പിക്കുന്നത്. തുക നൽകിയ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ട്രംപ് ആരോപിച്ചു.യുഎസ് എയ്ഡ് നിറുത്തലാക്കിയ ശേഷം പുറത്തു വന്ന കണക്കുകൾ ഇന്ത്യയിലും വിവാദമായിരിക്കെയാണ് ട്രംപിന്റെ പുതിയ വ്യാഖ്യാനം.

‘ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാൻ എന്തിനാണ് അമേരിക്ക 2.1 കോടി ഡോളർ ചെലവാക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടതിലധികം പണമുണ്ട്. അമേരിക്കയെ സംബന്ധിച്ചു ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ചിലർ വിജയിക്കാൻ ബൈഡൻ സർക്കാർ ശ്രമിച്ചെന്നു ഊഹിക്കുന്നു’ ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്ക നൽകിയ ഈ തുക കോൺഗ്രസിന് ലഭിച്ചുവെന്ന് നേരത്തെ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവന കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കാനാണ് സാധ്യത.



