ആണവകരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വാഷിങ്ടണിൽ നടക്കുന്ന ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിലാണ് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ആരംഭിക്കില്ലെന്നും അമേരിക്ക തങ്ങളെ ആക്രമിക്കുന്നപക്ഷം സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നും ഇറാൻ വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലാണ് ഇറാന്റെ പരാമർശം. മേഖലയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്ക്കുമെന്നും കത്തിൽ പറയുന്നു.
ഇറാനും റഷ്യയും ഹോർമൂസ് കടലിടുക്കിൽ ഇന്നലെ സംയുക്ത സൈനിക അഭ്യാസം നടത്തി. ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയിൽ ആഗോള എണ്ണ വില ഉയർന്നിട്ടുണ്ട്.
പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക സൈനിക സന്നാഹം ശക്തിപ്പെടുത്തി. ഇറാനെ ആക്രമിക്കുന്ന പക്ഷം ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിഗോ ഗാർഷ്യ സൈനികതാവളം അമേരിക്ക ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്ക ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ മുന്നറിയിപ്പ് നൽകി. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും ലാവ്റോവ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും പല വിഷയങ്ങളിലും കടുത്ത ഭിന്നിപ്പിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് പറഞ്ഞു. ഫെബ്രുവരി 28ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇറാൻ വിഷയത്തിൽ ചർച്ച നടത്തും.



